Wednesday , 22 May 2019
Home » Malayalam News » അനാർക്കലി റിവ്യു

അനാർക്കലി റിവ്യു

തിരക്കഥാകൃത്തുക്കളായ സച്ചി – സേതു കോമ്പോയിലെ സച്ചിയുടെ ആദ്യ സംവിധാന സംരംഭം. കൂടെ തുടർ വിജയങ്ങളിലൂടെ താരസിംഹാസനത്തിലേക്ക് ചുവട് വയ്ക്കുന്ന prithviraj എന്ന നടന്റെ സാന്നിദ്ധ്യവും. ഒരു സാധാരണ സിനിമാസ്വാദകന് സിനിമാ കൊട്ടകയിലേക്ക് നീങ്ങാൻ ഇതിൽ പരം എന്തു വേണം. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ രാജുവിനുള്ള വൈഭവം തന്നെയാണ് ഒരിക്കൽ വിമർശിച്ചിരുന്നവർ പോലും ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരായി മാറുന്നതിനുള്ള പ്രധാന കാരണം. അനുകൂല ഘടകങ്ങൾ ഇങ്ങനെ ഉണ്ടായിട്ടും ഇന്ന് ഞാൻ പടത്തിന് കയറിയ തീയറ്ററിൽ വലിയ ഒരു തിരക്ക് കാണാനായില്ല എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്.

ഇത്തവണയും സിനിമ തിരഞ്ഞെടുക്കുന്നതിൽ രാജു വീഴ്ച വരുത്തിയില്ല. ഡൈവിംഗ് ഇൻസ്ട്രക്ടർ ശാന്തനു എന്ന കഥാപാത്രത്തിന്റെ പല പ്രായഭേദങ്ങളിലുള്ള കഥാപാത്ര വ്യാപ്തി രാജുവിന്റെ കൈകളിൽ ഭദ്രം. പ്രണയത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ ചന്തുവിന്റെ പ്രണയഭാജനം നാദിറയായി മുംബൈ മോഡൽ പ്രിയ ( പേര് ശരിയാണോ എന്നറിയില്ല.) അഭിനയിക്കുന്നു. നോർത്തിന്ത്യൻ പെൺകുട്ടി ആയി തന്നെ നായികയെ അവതരിപ്പിക്കുക വഴി അധികം ആയാസപ്പെടാതെ കഥാപാത്രമാവാൻ പ്രിയക്ക് കഴിഞ്ഞുവെങ്കിലും പല രംഗങ്ങളിലും ഇവരുടെ പ്രകടനം സിനിമയെ പുറകോട്ട് വലിക്കാൻ കാരണമായി. എങ്കിലും ഓൺ സ്ക്രീൻ കെമിസ്ട്രിയിൽ രാജുവിന് ചേർന്ന നായിക തന്നെ ആയിരുന്നു. പ്രത്യേകിച്ച് ലിപ് – ലോക്ക് രംഗത്ത്.

2.45 മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയുടെ ആദ്യ പകുതി തന്റെ പ്രണയത്തിന്റെ ഭൂതകാലവുമായി ലക്ഷദ്വീപിലെത്തുന്ന ചന്തുവിന്റെ യും നാദിറയുടെയും പ്രണയത്തിനൊപ്പം സഞ്ചരിച്ചു. മനോഹരമായ ദൃശ്യങ്ങളുടെ അകമ്പടിയോടെ പ്രണയം ചിത്രീകരികരിക്കാൻ സംവിധായകനോട് സഹകരിച്ച സുജിത് വാസുദേവ് എന്ന ഛായാഗ്രാഹകൻ മേടിച്ച കാശിന് നന്നായി പണിയെടുത്തുണ്ട്. ഒപ്പം വളരെ മികച്ചതും ഭാവതീവ്രവുമായ തിരക്കഥയും ചേർന്നപ്പോൾ മികച്ച ഒരു അനുഭവം തന്നെയായി അനാർക്കലി. ആകാംക്ഷയുണർത്തുന്ന ഒരു ഇടവേളയൊട് കൂടി ആദ്യ പകുതി കടന്നു പോയി, എന്നാൽ, രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ അവിടവിടെ ആയി ചില പൊരുത്തക്കേടുകൾ കാണപ്പെട്ടുവെങ്കിലും സിനിമ മുന്നോട്ട് വെക്കുന്ന പ്രണയകാഴ്ചകൾക്കും നിലവാരമുള്ള എൻഡിംഗിനും മുന്നിൽ അതൊന്നും പരാമർശയോഗ്യമല്ലാതായി തീർന്നു എന്നതാവും ശരി.

സക്കറിയ എന്ന കഥാപാത്രമായി ബിജു മേനോൻ പതിവു പോലെ മികച്ചു നിന്നു എങ്കിലും എടുത്ത് പറയേണ്ടത് സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തെക്കുറിച്ചാണ്. സ്വത്ത് ഭാഗം വെക്കുന്ന വില്ലൻ വേഷങ്ങളിൽ തളച്ചിടപ്പെട്ട സുരേഷ് കൃഷ്ണക്ക് ഇതൊരു ജീവവായു ആയേക്കാം. മറ്റു കഥാപാത്രങ്ങളിൽ നേവി ഓഫീസറും തകർപ്പൻ പെർഫോമൻസ് ആയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സുദേവ് നായരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. കൂടാതെ ശ്യാമപ്രസാദ്, മേജർ രവി, രണ്ജി പണിക്കർ എന്നിവരും ചെറിയ വേഷങ്ങളിൽ എത്തി. നടി മിയ അവതരിപ്പിച്ച കഥാപാത്രത്തിന് ചിത്രത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ചുരുക്കത്തിൽ ഒരു നല്ല തിരക്കഥയുടെ അതിലും മികച്ച അവതരണത്തിന്റെ സിനിമാ രൂപത്തിന് സാക്ഷിയാവാൻ നിങ്ങൾ തയ്യാറുണ്ടെങ്കിൽ അനാർക്കലി നിങ്ങളെ ചിരിപ്പിക്കും, ആസ്വദിപ്പിക്കും, ഒരൽപം നൊമ്പരം നൽകും, കൂടെ പ്രണയവും. ഹൃദയഹാരിയായ ഒരു റൊമാന്റിക് അനുഭവം നൽകിയതിന് നന്ദി സച്ചീ .

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയാലും ഇല്ലെങ്കിലും രാജുവിന്റെ മാർക്കറ്റ് വാല്യു കൊണ്ട് അനാർക്കലി സൂപ്പർ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും എന്നത് തീർച്ച.

Related Images:

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply